ഡബ്ലിൻ: ഡബ്ലിനിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൊല്ലപ്പെട്ട ഗ്രേസ് ലിഞ്ചിന്റെ രക്ഷിതാക്കൾ പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി. നിയമത്തിന്റെ കെട്ടുപാടുകൾ ഇല്ലാതെ കുറ്റക്കാരെ പിന്തുടരാനും പിടികൂടാനുമുള്ള അധികാരം ഗാർഡകൾക്ക് നൽകണമെന്ന് ഇരുവരും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. നിയമ ലംഘകരെ പിന്തുടർന്ന് പിടികൂടുന്നതിൽ പോലീസ് നിയമപരമായ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾ ആവശ്യമുന്നയിച്ചത്.
എല്ലാ പൊതുസ്ഥലങ്ങളിലും സ്ക്രാംബ്ലർ ബൈക്കുകൾ നിരോധിച്ചുകൊണ്ട് നിയമനിർമ്മാണം നടത്തി. എന്നാൽ സ്ക്രാംബ്ലറുകളുമായി രക്ഷപ്പെടുന്ന നിയമലംഘകരെ പിന്തുടർന്ന് പിടികൂടുവാൻ ഗാർഡ ഭയപ്പെടുന്നു. നിയമപരമായ പ്രശ്നങ്ങളെ തുടർന്നാണ് ഈ ഭയം ഉളവായിരിക്കുന്നത്. അടുത്തിടെ സ്ക്രാംബ്ലർ ബൈക്കുകളിൽ എത്തിയ മുഖംമൂടി സംഘത്തെ പിന്തുടർന്ന പോലീസുദ്യോഗസ്ഥനെതിരെ അപകടകരമായ ഡ്രൈംവിഗുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി ഒരു വർഷത്തേയ്ക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ഇത് വളരെ വേദനയുളവാക്കുന്നുവെന്നും രക്ഷിതാക്കൾ മീഹോൾ മാർട്ടിനോട് പറഞ്ഞു.

