ശ്രീനഗർ : അതിർത്തിയിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി ഇന്ത്യൻ ആർമിയും, കേന്ദ്രസർക്കാരും, ഇന്റലിജൻസ് വൃത്തങ്ങളും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ ഈ വാക്കുകളെ പ്രതിപക്ഷം പലപ്പോഴും പരിഹസിച്ച് തള്ളിക്കളഞ്ഞിട്ടുമുണ്ട് .എന്നാലിപ്പോൾ വൈറലാകുന്നത് മുൻ ആർമി ഓഫീസറുടെ വാക്കുകളാണ്.
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ മുൻപ് ജോലി ചെയ്തിരുന്ന ബ്രിഗേഡിയർ ദീപ് ഭഗത് എന്ന മുൻ ഇന്ത്യൻ ആർമി ഓഫീസറാണ് തന്റെ അനുഭവത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ ആർമിയിൽ കമാൻഡോ സ്കൂളിലെ ഇൻസ്ട്രക്ടർ ഉൾപ്പെടെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച ബ്രിഗേഡിയർ ദീപ് ഭഗത് (റിട്ട.), ആയുധങ്ങളില്ലാതെ ഈ പ്രദേശത്തേക്ക് മടങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നുവെന്നാണ് പറയുന്നത്.
“ഞാൻ ഷോപ്പിയാനിലേക്ക് പ്രവേശിക്കുകയാണ്, എന്റെ ജീവിതകാലത്ത് ആയുധങ്ങളോ സംരക്ഷണമോ ഇല്ലാതെ ഞാൻ ഇവിടെ തിരിച്ചെത്തുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഒരിക്കലും. ഒരിക്കലും,” ഭഗത് പറഞ്ഞു.
“90 കളിലും 2000 കളിലും ഇവിടെ തീവ്രവാദത്തിനെതിരെ പോരാടിയ ആളുകൾക്ക്, ഞങ്ങൾക്ക് ഇവിടെ തിരിച്ചെത്താൻ കഴിയുമെന്ന് അവർക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അതിർത്തി കടന്നുള്ള ഭീകരത അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ അക്രമം ഒരു സാധാരണ സംഭവമായിരുന്ന ഷോപ്പിയാനിലേക്ക് ഇങ്ങനെ തിരിച്ചെത്തിയത് ഒരു വിചിത്രമായ അനുഭവമാണെന്നും “ ഭഗത് പറഞ്ഞു. നിലവിലെ സാഹചര്യം തന്നെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, യുദ്ധോപകരണങ്ങളും ആയുധങ്ങളുമുള്ള ഒരു പട്ടാളക്കാരനായി ഞാൻ കശ്മീരിൽ പ്രവർത്തിച്ചിരുന്നു. രണ്ട് വർഷം മുമ്പ്, ഒരു വിനോദസഞ്ചാരിയായി ഞാൻ എന്റെ ബൈക്കിൽ തിരിച്ചെത്തി. ആയുധമില്ല. സംരക്ഷണമില്ല. തുറന്ന റോഡുകളും തുറന്ന ഹൃദയങ്ങളും മാത്രം,” ഭഗത് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ്.
“ഒരുകാലത്ത് പിരിമുറുക്കത്തിലായിരുന്ന ഷോപിയാൻ, ഇന്ന് എന്നെ സമാധാനത്തോടെ സ്വാഗതം ചെയ്തു. മാറ്റം ഇങ്ങനെയാണ് കാണപ്പെടുന്നത്. പ്രതീക്ഷ ഇങ്ങനെയാണ് അനുഭവപ്പെടുന്നത്. 90കളിലും 2000കളിലും കശ്മീർ ഇങ്ങനെയായിരുന്നില്ല. അത് എന്നെ വളരെയധികം അഭിമാനിപ്പിക്കുന്നു.”എന്നും ഭഗത് പറയുന്നു.
നിരവധി പേരാണ് ഭഗതിന്റെ വീഡിയോ ലൈക്ക് ചെയ്ത് രംഗത്ത് എത്തിയത്.

