ചെന്നൈ: മധുര തിരുപ്രംകുന്ദ്രം മലയിലെ പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു സംസ്ഥാനവും ഇത്രയും താഴ്ന്ന നിലവാരത്തിലേക്ക് പോകരുതെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ജഡ്ജി സ്വാമിനാഥന്റെ എല്ലാ ഉത്തരവുകളും നിലനിൽക്കുമെന്നും മധുര ബെഞ്ച് വ്യക്തമാക്കി.
വർഷത്തിലൊരിക്കൽ ക്ഷേത്രഭൂമിയിൽ വിളക്ക് കൊളുത്തുന്നതിന്റെ പൊതുസമാധാനത്തിന് ഭംഗം സംഭവിക്കുമെന്ന വാദം അപഹാസ്യവും അംഗീകരിക്കാൻ പ്രയാസവുമാണ്. അങ്ങനെ പൊതുസമാധാനത്തിന് ഭംഗം സംഭവിച്ചാൽ, തമിഴ്നാട് സർക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടത്. രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാർ ഇത്തരത്തിൽ പ്രവർത്തിച്ചത്.
ക്രമസമാധാന പ്രശ്നം അധികാരികൾ അവരുടെ സൗകര്യാർത്ഥം സൃഷ്ടിച്ച സാങ്കൽപ്പിക കാരണമാണ്. കൽത്തൂൺ ക്ഷേത്ര ഭരണകൂടത്തിന്റേതാണ്. കുന്നിൻ മുകളിലുള്ള കൽത്തൂണിൽ ക്ഷേത്ര ഭരണകൂടം കാർത്തിക വിളക്ക് കത്തിക്കണം. ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണം. വിളക്ക് തെളിക്കുന്നത് തടയാൻ ആർക്കും നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു, മുസ്ലീം ഉത്സവങ്ങളിൽ പരസ്പരം ശല്യപ്പെടുത്താതെ ഇരുവിഭാഗത്തിനും അവരവരുടെ ഉത്സവങ്ങൾ ആഘോഷിക്കാം.
തിരുപ്രംകുന്ദ്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കൽത്തൂണിൽ വർഷത്തിലൊരിക്കൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. എന്നാൽ ഇതിനെതിരെ തമിഴ്നാട് സർക്കാർ, പോലീസ്, വഖഫ് ബോർഡ് എന്നിവർ അപ്പീൽ നൽകി. ദീപം തെളിക്കുന്നത് പ്രദേശത്തെ ക്രമസമാധാന നില തകർക്കുമെന്നും ദർഗയുടെ പരിസരത്തുകൂടി ഭക്തർക്ക് പ്രവേശനം നൽകുന്നത് ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാരിന്റെ വാദം.
മാത്രമല്ല വിളക്ക് തെളിയിക്കാൻ എത്തിയ ഭക്തരെ പൊലീസിനെ വച്ച് തടയുകയുകയും ചെയ്തു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇത് വൻ വിവാദത്തിനും കാരണമായി.

