വാരണാസി : സിഖുകാർക്കെതിരെ അമേരിക്കയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ കേസ് . തിലമപൂർ സാരാനാഥിലെ മുൻ ഗ്രാമത്തലവൻ നാഗേശ്വർ മിശ്രയാണ് ഇത് സംബന്ധിച്ച ഹർജി വാരണാസിയിലെ എംപി-എംഎൽഎ കോടതിയിൽ സമർപ്പിച്ചത് . ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അമേരിക്കൻ സന്ദർശന വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
ഇന്ത്യയിലെ സിഖുകാർക്കിടയിൽ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷമുണ്ടെന്നാണ് രാഹുൽ പറഞ്ഞത് . ഇന്ത്യയിലെ സിഖുകാർക്ക് തലപ്പാവ് ധരിക്കാൻ അവകാശമില്ല , അവർക്ക് ഗുരുദ്വാരയിൽ പോകാൻ അനുവാദമില്ല എന്നും രാഹുൽ പറഞ്ഞതായി ഹർജിയിൽ പറയുന്നു.
ഈ പ്രസ്താവന രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് നാഗേശ്വർ മിശ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ടാം) കോടതിയിൽ ആദ്യം കേസ് ഫയൽ ചെയ്തത് . എന്നാൽ ഒരു തവണ വാദം കേട്ട ശേഷം എസിജെഎം (എംപി-എംഎൽഎ) കോടതി കേസ് തള്ളിയിരുന്നു.
കീഴ്ക്കോടതിയുടെ ഉത്തരവിനെതിരെ മിശ്ര സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി ഫയൽ ചെയ്തു. വാദം കേൾക്കുന്നതിനിടെ, കേസ് തള്ളണമെന്ന് രാഹുൽ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കേസ് പരിഗണിക്കാനായിരുന്നു കോടതിയുടെ തീരുമാനം.

