തിരുവനന്തപുരം ; മുഖ്യമന്ത്രി വി ഡി സതീശൻ അഹങ്കാരിയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നേരിട്ട് കാണാൻ സമയം ചോദിച്ചപ്പോൾ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് പരാമര്‍ശം.
ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്ക് സമയം ആവശ്യപ്പെട്ട് എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുൻ സംസ്ഥാന സർക്കാരിന്റെ കാലത്ത് സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ തുടർച്ചയായാണ് ആദായനികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചുള്ള ചർച്ച ആവശ്യപ്പെട്ടത്. എന്നാൽ സമയം അനുവദിച്ചില്ല. രണ്ട് തവണയും എൻ എസ് എസ് കൂടിക്കാഴ്ച്ചയക്ക് സമയം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശനും സുകുമാരൻ നായരും തമ്മിലുള്ള തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കൾ സമുദായ നേതാക്കളുടെ “പടിവാതിൽക്കൽ അലഞ്ഞുനടക്കേണ്ട” ആവശ്യമില്ലെന്ന പ്രസ്താവന സതീശൻ നടത്തിയതോടെയാണ് അസ്വാരസ്യങ്ങൾ ആരംഭിച്ചത്. ഇതിന്റെ പേരിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച സുകുമാരൻ നായർ, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തിന്റെ വരാന്തകളിൽ മണിക്കൂറുകൾ കാത്തിരുന്ന ആളാണ് സതീശൻ എന്നും തിരിച്ചടിച്ചിരുന്നു.
അതേസമയം സുകുമാരൻ നായരെ എൻ എസ് എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പുറത്തായി.

