ന്യൂഡൽഹി ; രാജ്യത്തിന്റെ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത് . 2014 മെയ് മാസത്തിൽ ആദ്യമായി അധികാരമേറ്റെടുക്കുകയും 2024 ൽ തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുകയും ചെയ്ത മോദി, ഇന്ത്യയെ വലിയ സാമ്പത്തിക, സാമൂഹിക മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് നയിച്ചത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയരുന്നതിനും, ആഗോള നയതന്ത്രത്തിന്റെ ഉന്നത പട്ടികയിൽ ഇടം നേടുന്നതിനും മോദി യുഗം സാക്ഷ്യം വഹിച്ചു.
നിരവധി ലോകനേതാക്കളും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തി. ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകയാണ് ആദ്യം ആശംസയുമായി എത്തിയത്. “നിങ്ങളുടെ അധികാര കാലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ ആവർത്തിച്ച് സ്ഥാപിച്ച വിശ്വാസത്തിനും ആത്മവിശ്വാസത്തിനും തെളിവാണ്” എന്നാണ് അനുര കുമാര വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദിയുടെ വിദേശനയ റെക്കോർഡിൽ ശ്രീലങ്കയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ലങ്ക നാല് തവണ സന്ദർശിച്ച പ്രധാനമന്ത്രിയാണ് മോദി. 2025 ഏപ്രിലിൽ, വിദേശ പ്രമുഖന് ശ്രീലങ്കയിൽ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ മിത്ര വിഭൂഷണും നൽകി മോദിയെ ആദരിച്ചു.
പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ പ്രധാനമന്ത്രി മോദിയെ ” മാതൃകയും നേതൃത്വത്തിന്റെ ഉദാഹരണവും” ആയി വിശേഷിപ്പിച്ച് വ്യക്തിഗത വീഡിയോ സന്ദേശമാണ് അയച്ചത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ “ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ആഗോള കാര്യങ്ങളിൽ ഇന്ത്യ മുൻനിര ശബ്ദമായി പരിണമിച്ചു” എന്നാണ് കുറിച്ചത്.

