തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക് . മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങൾ തടസ്സപ്പെട്ടെങ്കിലും,മന്ത്രിസഭയിലെ താക്കോൽ സ്ഥാനം തന്നെയാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരിക്കുന്നത് . സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അതൃപ്തി അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചാൽ അത് പാർട്ടിക്ക് ദോഷകരമാകുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ ഹൈക്കമാൻഡ് തീരുമാനം രമേശിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ആഭ്യന്തര വകുപ്പും ഏറ്റെടുക്കുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ . എന്നാൽ, കെ.സി. വേണുഗോപാലും ദീപ ദാസ്മുൻഷിയും ചെന്നിത്തലയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിർന്ന നേതാവ് എന്ന നിലയിലുള്ള പ്രായോഗിക പരിചയവും ഗുണം ചെയ്തു. ഇന്ന് സതീശൻ രണ്ടാം തവണയും രമേശ് ചെന്നിത്തലയുടെ വീട് സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ കെ.സി. വേണുഗോപാലിനെയും കണ്ടു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സതീശൻ ചെന്നിത്തലയുടെ വീട്ടിലെത്തിയത് . പിന്നീട് കെ.സി. വേണുഗോപാലും ചെന്നിത്തലയെ കണ്ടു. 2014 മുതൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു. മെയ് 25 ന് അദ്ദേഹത്തിന്റെ 70-ാം ജന്മദിനത്തിനിടെയാണ് ആഭ്യന്തര മന്ത്രി സ്ഥാനം. 40 വർഷം മുമ്പ് കെ. കരുണാകരൻ മന്ത്രിസഭയിലാണ് ചെന്നിത്തല ആദ്യമായി അംഗമായത്. അന്ന് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം താക്കോൽ സ്ഥാനം നഷ്ടമായതിൽ മുസ്ലീം ലീഗിൽ എതിർപ്പും ഉയരുന്നുണ്ട് . സതീശന് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആഭ്യന്തരവും ഒപ്പമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ . അതിനാണിപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത് .

