ന്യൂഡൽഹി : കേന്ദ്രമന്ത്രി എൽ മുരുകൻ രാജി വച്ചു . തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനും പൂർണ്ണ സമയം നീക്കിവെക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയാണ് രാജി . രാജ്യസഭാ അംഗത്വവും അദ്ദേഹം രാജിവെച്ചു.
വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററി കാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് എൽ മുരുകൻ . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ, മന്ത്രിസഭയിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കാനും രാജ്യസഭാ അംഗത്വം ഉപേക്ഷിക്കാൻ അനുവദിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
“തമിഴ്നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഞാൻ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും 2029-ലെ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കാനും ഞാൻ ആഗ്രഹിക്കുന്നു.” തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കവേ മുരുകൻ പറഞ്ഞു.
“ഞാൻ ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല വരുന്നത്. വളരെ ദരിദ്രമായ ഒരു കുടുംബത്തിൽ നിന്നാണ് . മകൻ കേന്ദ്ര സർക്കാരിൽ അംഗമാകുമെന്ന് മാതാപിതാക്കൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും “ മുരുകൻ പറയുന്നു.ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ, രാജ്യസഭാംഗം തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2021 ജൂലൈയിലാണ് അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ അംഗമായത്.

