പ്രയാഗ് രാജ് ; ബോളിവുഡ് നടി മമത കുൽക്കർണ്ണി മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസം സ്വീകരിച്ചത് വിവാദത്തിൽ . മമതയ്ക്ക് സന്യാസ ദീക്ഷ നൽകിയ ലക്ഷ്മി നാരായൺ ത്രിപാഠിയെയും കിന്നർ അഖാഡയിൽ നിന്ന് പുറത്താക്കിയതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു.
“കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് ഞാൻ ഇതിനാൽ ഒഴിവാക്കുന്നു, ഇത് ഉടനടി നടപ്പിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനുമായി അദ്ദേഹത്തിന്റെ നിയമനം നടത്തിയെങ്കിലും അവർ ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിച്ചു.”- എന്നാണ് ഋഷി അജയ് ദാസ് പ്രസ്താവനയിൽ പറയുന്നത്.
മമത കുൽക്കർണ്ണിയ്ക്ക് സന്യാസ ദീക്ഷ നൽകിയതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ അവരുടെ ഭൂതകാലത്തെ ചൂണ്ടിക്കാട്ടി പലരും ഇതിനെ ചോദ്യം ചെയ്തു. എന്നാൽ തന്നെ പുറത്താക്കാനും മറ്റും ഋഷി അജയ് ദാസിന് അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ത്രിപാഠി പറഞ്ഞു.