ന്യൂഡൽഹി : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന . ഡൽഹിയിൽ ആക്രമണം നടത്താനെത്തിയ സ്ലീപ്പർ സംഘത്തെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സംയുക്ത ശ്രമത്തിലൂടെ തകർത്തു.
മൂന്ന് മാസം നീണ്ട രഹസ്യ നീക്കത്തിലൂടെയാണ് രണ്ട് പാകിസ്ഥാൻ ഏജന്റുമാരെ അറസ്റ്റ് ചെയ്തത്. പിടിയിൽ ആയവരിൽ ഒരാൾ നേപ്പാളിൽ ജനിച്ച അൻസാറുൽ മിയാൻ അൻസാരിയാണ്. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചില ജീവനക്കാർക്കും ഇതിൽ പങ്കുണ്ടാകാമെന്ന് അന്വേഷണത്തിൽ സംശയം ഉയർന്നിട്ടുണ്ട്.
ഖത്തറിൽ ടാക്സി ഓടിച്ചിരുന്ന അൻസാറുൾ മിയാൻ അൻസാരി ഐഎസ്ഐ ഏജന്റിനെ കണ്ടുമുട്ടിയതായാണ് റിപ്പോർട്ട്. പിന്നീട് അയാളെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയി ഐ.എസ്.ഐ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ നീങ്ങാൻ പരിശീലനം നൽകി.
നേപ്പാൾ വഴി ഡൽഹിയിലെത്തിയ അൻസാരി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ശേഖരിക്കാൻ തുടങ്ങി. ഇതിനെ കുറിച്ച് വിവരം ലഭിച്ച അന്വേഷണ ഏജൻസികൾ കെണിയൊരുക്കി ഡൽഹിയിൽ വെച്ച് അൻസാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .. ഫെബ്രുവരിയിലാണ് അൻസാരിയെ പിടികൂടിയത്. ഇയാളിൽ നിന്ന് നിരവധി രഹസ്യ രേഖകളും ഒരു സിഡിയും കണ്ടെടുത്തു.ഇന്ത്യയിൽ തനിക്ക് പിന്തുണ നൽകിയിരുന്ന റാഞ്ചി നിവാസിയായ അഖ്ലാഖ് അസമിന്റെ പേരും അൻസാരി വെളിപ്പെടുത്തി. മാർച്ചിൽ അസമും അറസ്റ്റിലായി. രണ്ട് പ്രതികളും നിലവിൽ തിഹാർ ജയിലിലാണ്.

