ജക്കാർത്ത : വ്യോമാതിർത്തിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഗംഭീര വരവേൽപ്പ് ഒരുക്കി ഇന്തോനേഷ്യ . മോദിയെ സ്വീകരിക്കാൻ സ്വന്തം യുദ്ധവിമാനങ്ങളാണ് ഇന്തോനേഷ്യ അയച്ചത്. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്നതിലെ പതിവ് പ്രോട്ടോക്കോളുകൾ ഒഴിവാക്കി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും, നാല് കാബിനറ്റ് മന്ത്രിമാരും മോദിയെ സ്വികരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രതിരോധ, സുരക്ഷാ മന്ത്രിയോടൊപ്പം വിദേശകാര്യമന്ത്രിയും മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. സാധാരണമായി ഇത്തരം സ്വീകരണം ഇന്തോനേഷ്യയിൽ പതിവില്ല.
വിദേശകാര്യ മന്ത്രി രാഷ്ട്രത്തലവനെ കാണാൻ വന്നാൽ പ്രതിരോധ മന്ത്രി പോകാറില്ല. പ്രസിഡന്റ് വന്നാൽ മറ്റ് മന്ത്രിമാർ എത്താറില്ല. എന്നാൽ മോദി എത്തിയതോടെ പതിവ് പ്രോട്ടോക്കോളുകളും ഇന്തോനേഷ്യ മാറ്റി. ലോകത്തിന് പ്രത്യേകിച്ച് ചൈന അടക്കമുള്ള അയൽ രാജ്യങ്ങൾക്ക് ഇന്തോനേഷ്യ നൽകുന്ന നയതന്ത്ര സന്ദേശമാണിത്.
ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും, തന്ത്രപരവുമായ പങ്കാളിയാണ് ഇന്ത്യയെന്ന് ലോകത്തിന് മുന്നിൽ വിളിച്ചു പറയുകയാണ് ഇന്തോനേഷ്യ . ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സാന്നിധ്യം വർധിച്ചു വരുന്നതിൽ ഇന്തോനേഷ്യ ആശങ്കയിലാണ് .അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനും ഇന്തോനേഷ്യ നീക്കം നടത്തുന്നുണ്ട്. മോദിയുടെ സന്ദർശനത്തിൽ ഇതും ചർച്ചയാകും.

