ന്യൂഡൽഹി : മലയാളികൾക്ക് ഓണസമ്മാനമായി നൂറോളം അധിക സർവീസുകൾ പ്രഖ്യാപിച്ച് റെയിൽ വേ മന്ത്രാലയം. ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേരളത്തിലേക്ക് 100-ലധികം പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അധിക സർവീസുകൾക്കായുള്ള നിർദ്ദിഷ്ട റൂട്ടുകൾ, ഷെഡ്യൂളുകൾ, സ്റ്റോപ്പുകൾ എന്നിവ ഉടൻ തീരുമാനിക്കുമെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ അറിയിച്ചു. ഓണ അവധിയ്ക്കായി നാട്ടിലേക്ക് പോകുന്ന മലയാളികൾക്കായി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടാകും.
“ഓണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്. ഈ സീസണിൽ, ഞങ്ങൾ 100-ലധികം പ്രത്യേക തീവണ്ടി സർവീസുകൾ നടത്തും,” അശ്വിനി വൈഷ്ണവ് പറഞ്ഞു. സീസണൽ യാത്രാ പ്രതിസന്ധി നേരിടാൻ മതിയായ ഗതാഗത ക്രമീകരണങ്ങൾ അഭ്യർത്ഥിച്ച കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ അടിയന്തര നിവേദനത്തെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി .
ഓണക്കാലത്ത്, ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യുന്നതാണ് പതിവ്. ആയിരക്കണക്കിന് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. റെയിൽവേയുടെ ഇത്തവണത്തെ ഇടപെടൽ അയൽ സംസ്ഥാനങ്ങളിലുടനീളമുള്ള മലയാളി കുടുംബങ്ങൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും വലിയ ആശ്വാസമാകും.

