വാഷിംഗ്ടൺ ; യുഎസിൽ കുത്തേറ്റ ഇന്ത്യൻ യുവാവിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട് . യൂട്ടാ സംസ്ഥാനത്തിലെ ഷോപ്പിംഗ് മാളിൽ വച്ചായിരുന്നു സംഭവം . സൊഹൈൽ എന്ന യുവാവിനാണ് 15 തവണയിലേറെ കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 48 കാരനായ പീറ്റർ മൈക്കൽ ലാർസൻ പിടിയിലായി.
സൊഹൈൽ മാളിൽ ആയിരുന്നപ്പോൾ പീറ്റർ മൈക്കൽ ലാർസൻ സൗഹൃദം നടിച്ചെത്തി സൊഹൈൽ എവിടെ നിന്നാണെന്നും ഏത് മതവിശ്വാസിയാണെന്ന് തിരക്കിയെന്നുമാണ് പൊലീസ് പറയുന്നത് . “ഞാൻ ഇന്ത്യയിൽ നിന്നാണ്… മുസ്ലീമാണ്” എന്ന് സൊഹൈൽ മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്.
പിന്നാലെ പീറ്റർ സൊഹൈലിനോട് വെള്ളം ആവശ്യപ്പെട്ടു . സൊഹൈൽ ഇതിനായി തിരിഞ്ഞ സമയത്തായിരുന്നു ആക്രമണം . പീറ്റർ മൈക്കൽ കയ്യിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ആവർത്തിച്ച് കുത്തിയതായാണ് വിവരം. മാൾ ജീവനക്കാരും സമീപത്തെ ഷോപ്പുകളിൽ ഉണ്ടായിരുന്നവരുമെത്തിയാണ് പീറ്ററിനെ കീഴടക്കിയത്.
ഗുരുതരാവസ്ഥയിലായ സൊഹൈലിനെ ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് വിധേയനായി. കൊലപാതകശ്രമത്തിനും അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ചതിനും സംശയാസ്പദമായ പെരുമാറ്റത്തിനും പീറ്ററിനെതിരെ കേസെടുത്തിട്ടുണ്ട്.

