ന്യൂഡൽഹി: ആരുടെയും ആണവ ഭീഷണി ഇന്ത്യ സഹിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യ സ്വയംപര്യാപ്തമായ രാജ്യമാണിന്ന് . ഏത് ഭീഷണിയും നേരിടാൻ രാജ്യം സജ്ജമാണെന്നും നരേന്ദ്ര മോദി പറഞ്ഞു . ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
‘ ഇന്ത്യയുടെ സായുധ സേന ശത്രുക്കളെ അത്ഭുതപ്പെടുത്തുകയാണിന്ന് . സിന്ധു നദീജല കരാറിൽ പുനർവിചിന്തനം ഉണ്ടാകില്ല. ഈ കരാർ ഇന്ത്യയിലെ ജനങ്ങളോടുള്ള അനീതിയായിരുന്നു. നമ്മുടെ കർഷകർക്ക് വെള്ളം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിലെ നദികൾ ശത്രുരാജ്യങ്ങളിലെ കൃഷിയിടങ്ങൾ നനയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ ജലവിഹിതത്തിന്മേലുള്ള അവകാശം ഇന്ത്യയ്ക്കും കർഷകർക്കും മാത്രമാണ് . വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. . രാജ്യത്തിന്റെ കോപത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ . . സൈന്യം രാജ്യത്തിനായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആത്മനിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ തെളിയിക്കപ്പെട്ടു. ഇന്ത്യയുടെ ആണവോർജ്ജ ശേഷി പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും‘ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിച്ചതിനെക്കുറിച്ച് നമ്മുടെ ശത്രുക്കൾക്ക് വലിയ ധാരണയില്ലായിരുന്നു, എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ ആ ശക്തി തെളിയിച്ചു. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ നിന്നുള്ള നരേന്ദ്ര മോദിയുടെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്.

