ന്യൂഡൽഹി : ശ്രീലങ്കയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ കൊണ്ടുപോകുന്ന വിമാനങ്ങൾക്ക് ഫ്ലൈറ്റ് ക്ലിയറൻസ് വൈകിയതിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം .
ഇന്ത്യ അടിയന്തിരമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് മാനുഷിക സഹായം അയയ്ക്കുന്നതിനുള്ള വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ ഇന്ത്യ അനുവദിച്ചില്ലെന്നായിരുന്നു പാകിസ്ഥാൻ ആരോപിച്ചത്.വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ഒരു വിമാനം 60 മണിക്കൂർ കാത്തിരിക്കുകയാണെന്നും” പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
പാകിസ്ഥാന്റെ പ്രസ്താവനയെ പരിഹാസ്യമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇന്ത്യയുടെ നടപടികളെ തെറ്റായി ചിത്രീകരിക്കാനുമാണ് പാകിസ്ഥാന്റെ പ്രസ്താവന ഉദ്ദേശിച്ചതെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. “ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താനുള്ള മറ്റൊരു ശ്രമമായ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഹാസ്യമായ പ്രസ്താവന ഞങ്ങൾ നിരസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ അഭ്യർത്ഥന ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ സ്വീകരിച്ചിട്ടുണ്ടെന്നും മണിക്കൂറുകൾക്കുള്ളിൽ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “2025 ഡിസംബർ 1 ന് ഉച്ചയ്ക്ക് 1 മണിയോടെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പാകിസ്ഥാന്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചു. ഇത് ഒരു മാനുഷിക അടിയന്തരാവസ്ഥയായി അംഗീകരിച്ച സർക്കാർ അതേ ദിവസം വൈകുന്നേരം 5:30 ന് അനുമതി നൽകി.
“പ്രകൃതിദുരന്തങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം നിൽക്കും. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്” എന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതേസമയം ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ശ്രീലങ്കയെ സഹായിക്കുന്നതിനായി ഇന്ത്യ ഓപ്പറേഷൻ സാഗർ ബന്ധു ആരംഭിച്ചു.

