ന്യൂഡൽഹി ; അരനൂറ്റാണ്ടിന് ശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യമറിയിക്കാനുള്ള പാകിസ്ഥാനത്തെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയിൽ നിന്ന് വാങ്ങിയ ഹാംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിൽ എത്തിയെന്ന് പാക് നാവികസേന സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ജാഗ്രത. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും, തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും സമീപം പാകിസ്ഥാൻ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്നതിലാണ് ഇന്ത്യയുടെ ആശങ്ക.
1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷ് ആദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാകിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. ഹാംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് 20 ദിവസം വരെ വെള്ളത്തിനടിയിൽ കഴിയാൻ ശേഷിയുണ്ട്. അന്തർവാഹിനിക്ക് ഹാംഗോർ എന്ന പേരും യാദൃശ്ചികമല്ല. 1971 ഇന്ത്യ-പാക് യുദ്ധകാലത്ത് ഐ എൻ എസ് ഖുക്രി എന്ന ഇന്ത്യൻ പടക്കപ്പൽ തകർത്തത് പിഎൻ എസ് ഹാംഗോർ എന്ന പാക് മുങ്ങിക്കപ്പലാണ്. യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഖുക്രി നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു

