ന്യൂഡൽഹി ; പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഔദ്യോഗിക നിലപാടിന് അനുസൃതമായി പ്രവർത്തിക്കാത്തതിന് ഇന്ത്യ പുറത്താക്കി. ഇന്ത്യ വിടാൻ ഉദ്യോഗസ്ഥന് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർക്ക് പ്രതിഷേധ കുറിപ്പും നൽകി.
പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥരെ ഇന്ത്യ പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചിരുന്നു. അതായത് അവർ ഇന്ത്യയിൽ തുടരാൻ യോഗ്യരല്ലെന്ന് സർക്കാർ കരുതുന്നു. ഇതുസംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ്ഡ് അഫയേഴ്സിന് അറിയിപ്പും നൽകിയിട്ടുണ്ട്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തി ഭീകര ക്യാമ്പ് നശിപ്പിക്കുകയും പാകിസ്ഥാൻ സൈന്യത്തിന് ഉചിതമായ മറുപടി നൽകുകയും ചെയ്തു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും അവരുടെ പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തി. പാകിസ്ഥാൻ വളരെയധികം അഭിമാനിച്ചിരുന്ന പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമതാവളങ്ങൾക്കും കേടുപാടുകൾ വരുത്തി.