ന്യൂയോർക്ക് : പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎന്നിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ . പാകിസ്ഥാന്റെ സൈനിക അധിനിവേശം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ ജനങ്ങൾ തുറന്ന കലാപത്തിലാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പറഞ്ഞു .
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ഗുരുതരമായതും തുടർച്ചയായതുമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പർവ്വതനേനി ഹരീഷ് പറഞ്ഞു .
‘ ജമ്മു കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമായിരിക്കും . ഇന്ത്യയുടെ കാലാതീതമായ ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഭരണഘടനാ ചട്ടക്കൂടിനും അനുസൃതമായി ജമ്മു കശ്മീർ ജനത അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നു. തീർച്ചയായും, ഇവ പാകിസ്ഥാന് അന്യമായ ആശയങ്ങളാണെന്ന് നമുക്കറിയാം . എല്ലാ സമൂഹങ്ങൾക്കും ജനങ്ങൾക്കും നീതി, അന്തസ്സ്, അവസരം, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യ സ്ഥിരമായി വാദിച്ചതിന്റെ കാരണം നമ്മുടെ ലോകവീക്ഷണത്തെ ഉറപ്പിക്കുന്ന ഒരു കാഴ്ചപ്പാട് ഇതാണ് എന്നതാണ്. ബഹുരാഷ്ട്രവാദത്തിലും അന്താരാഷ്ട്ര പങ്കാളിത്തത്തിലും സഹകരണത്തിലും ഇന്ത്യ വിശ്വാസം അർപ്പിക്കുന്നതിന്റെ കാരണവും ഇതാണ്. ‘ – പർവ്വതനേനി ഹരീഷ് പറഞ്ഞു .
80-ാമത് ഐക്യരാഷ്ട്രസഭ ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക ചർച്ച സംഘടിപ്പിച്ചത് . ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസഭ – പ്രസക്തി, നിയമസാധുത, വിശ്വാസ്യത, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അഭിമുഖീകരിക്കുന്ന സമയത്ത് ഈ സംവാദത്തിന്റെ പ്രമേയം വലിയ പ്രാധാന്യം നേടുന്നുവെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു .
.

