ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടന നടത്തിയ ഹണി ട്രാപ്പിൽ കുടുങ്ങി പ്രതിരോധ വിവരങ്ങൾ പങ്കുവെച്ച ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അറസ്റ്റിൽ. ഏറെ ദിവസങ്ങളായി വിംഗ് കമാൻഡർ അന്വേഷണ ഏജൻസികളുടെ സജീവ നിരീക്ഷണത്തിലായിരുന്നു. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് .രഹസ്യ വിവരങ്ങളും രഹസ്യ പ്രതിരോധ രേഖകളും പങ്കുവെച്ചതിന് ഔദ്യോഗിക രഹസ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
“അദ്ദേഹം സജീവ നിരീക്ഷണത്തിലായിരുന്നു, ഉചിതമായ നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറി. മുൻകരുതൽ നടപടികൾ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ പിടികൂടിയത് . അത്തരം പ്രവർത്തനങ്ങളോട് ഐഎഎഫിന് ഒരു വിട്ടുവീഴ്ചയുമില്ല,” ഐഎഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിംഗ് കമാൻഡർ സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ ഇന്റലിജൻസ് പ്രവർത്തകരുമായി ബന്ധപ്പെട്ടുവെന്നും തുടർന്ന് ഹണി ട്രാപ്പിൽ കുടുങ്ങിയെന്നുമാണ് വിവരം .പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും രഹസ്യ രേഖകളും പങ്കിടുക മാത്രമല്ല , കൂടുതൽ വിവരങ്ങൾക്കായി സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ഡാറ്റ തെഫ്റ്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതായും സൂചനയുണ്ട്.
ഐഎഎഫ് ഇന്റലിജൻസ് വിഭാഗം ഡൽഹി പോലീസുമായി പങ്കിട്ട പ്രത്യേക വിവരങ്ങളെ തുടർന്നാണ് അറസ്റ്റ് നടന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

