ഹൈദരാബാദ് : കുർനൂലിൽ ബസിന് തീ പിടിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് . അപകടസമയത്ത് പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 സ്മാർട്ട്ഫോണുകൾ ഉണ്ടായിരുന്നു. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് ബസിലെ തീയുടെ തീവ്രതയ്ക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. അപകടത്തിൽ 19 യാത്രക്കാരാണ് മരിച്ചത്.
46 ലക്ഷം രൂപയുടെ 234 സ്മാർട്ട്ഫോണുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി മംഗനാഥ് പാഴ്സലായി അയച്ചതായിരുന്നു . ബെംഗളൂരുവിലെ ഇ-കൊമേഴ്സ് കമ്പനിയിലേക്കാണ് ഈ സാധനം അയച്ചത്. അവിടെ നിന്ന് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി.
ബസിന് തീപിടിക്കുന്നതിനിടയിൽ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് കേട്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ, ബസിലെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ പി വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി.
ചൂട് വളരെ ശക്തമായിരുന്നതിനാൽ ബസിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയി . ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബസ് ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് പെട്രോൾ തെറിച്ചതും ചൂടും ചേർന്നതോടെ തീ ആളിക്കത്തിയെന്നാണ് പ്രാഥമിക നിഗമനം. ഉരുകിയ ഷീറ്റുകളിലൂടെ അസ്ഥികളും ചാരവും വീഴുന്നത് കണ്ടതായും വെങ്കിട്ടരാമൻ പറഞ്ഞു. ബസിന്റെ നിർമ്മാണത്തിലെ ഘടനാപരമായ പിഴവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഹനത്തിന്റെ ഭാരം കുറയ്ക്കാനും വേഗത വർദ്ധിപ്പിക്കാനും സാധാരണയായി ഉപയോഗിക്കുന്ന ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിക്കുന്നത് അപകടസമയത്ത് ദോഷകരമാണെന്ന് തെളിഞ്ഞു. ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

