ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ . മുൻ റോ മേധാവി അലോക് ജോഷിയെ പുതിയ തലവനായി നിയമിച്ചു, മറ്റ് ആറ് അംഗങ്ങളെയും നിയമിച്ചു.പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സമയത്താണ് എൻഎസ്എബി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
സുരക്ഷാ സംബന്ധിയായ കാര്യങ്ങളിൽ സർക്കാരിന് വിദഗ്ദ്ധവും തന്ത്രപരവുമായ വിവരങ്ങൾ നൽകുന്ന ഏഴ് അംഗ ഉന്നത സ്ഥാപനമാണ് എൻഎസ്എബി.രാജ്യത്തെ ഏറ്റവും ആദരണീയനായ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് അലോക് ജോഷി .മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, മുൻ ദക്ഷിണ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എ കെ സിംഗ്, മുൻ അഡ്മിറൽ മോണ്ടി ഖന്ന, രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, ബി വെങ്കിടേഷ് വർമ്മ എന്നിവരാണ് ബോർഡിലെ മറ്റ് ആറ് പുതുതായി ഉൾപ്പെടുത്തിയ അംഗങ്ങൾ.
ഇന്ത്യൻ വിദേശകാര്യ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ബി വെങ്കിടേഷ് വർമ്മ.എൻഎസ്എബിയിൽ, ഔദ്യോഗിക സർക്കാർ മേഖലയ്ക്ക് പുറത്തുള്ള പ്രശസ്തരും പരിചയസമ്പന്നരുമായ വ്യക്തികളെ ഉപദേശക ഗ്രൂപ്പിലെ അംഗങ്ങളായി സർക്കാർ ഉൾപ്പെടുത്താറുണ്ട്.

