ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അഞ്ച് രാജ്യങ്ങളിലായി വിദേശ പര്യടനത്തിലാണ്. അദ്ദേഹം ആദ്യം ദക്ഷിണാഫ്രിക്കൻ രാജ്യമായ ഘാനയിലാണ് എത്തിയത് . വ്യാഴാഴ്ച അദ്ദേഹം ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇതിനിടയിൽ, ഘാന പാർലമെന്റിലെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാൻ, നിരവധി ഘാന എംപിമാർ ഇന്ത്യൻ വസ്ത്രം ധരിച്ച് പാർലമെന്റിലെത്തി. ചില എംപിമാർ ധോത്തി-കുർത്തയും സാരിയും ധരിച്ചാണ് എത്തിയത്. വനിതാ എംപിമാരും ഇതിൽ പിന്നിലല്ല. വൈറലാകുന്ന വീഡിയോയിൽ, ഒരു വനിതാ എംപി ലെഹങ്ക ധരിച്ച് എത്തിയതും കാണാം.
ഇതിൽ, ഒരു എംപി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ഷെർവാനി, തലപ്പാവ് എന്നിവ ധരിച്ച് വരനെപ്പോലെയാണ് പാർലമെന്റിലെത്തിയത് . ഘാന പാർലമെന്റ് സ്പീക്കർ ആ എംപിയെ പരിചയപ്പെടുത്തിയപ്പോൾ, ബാക്കിയുള്ള എംപിമാർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഈ എംപിയെ കണ്ടപ്പോൾ പ്രധാനമന്ത്രി മോദിക്ക് പോലും ചിരി നിർത്താൻ കഴിഞ്ഞില്ലെന്നതും ദൃശ്യങ്ങളിൽ കാണാം.
ഇന്നലെ ഘാനയുടെ തലസ്ഥാനമായ അക്രയിലെത്തിയ നരേന്ദ്ര മോദിയെ പ്രസിഡന്റ് ജോൺ ദ്രമണി മഹാമ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകിയും രാജ്യം മോദിയെ ആദരിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിച്ച അന്താരാഷ്ട്ര അവാർഡുകളുടെ എണ്ണം 24 എണ്ണമായി.
https://x.com/i/status/1940772010373886310

