ബെംഗളൂരു : ഓൺലൈൻ ഗെയിമിംഗ് , വാതുവെയ്പ്പ് എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ചിത്രദുർഗ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇന്ത്യയിലെ 31 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തിയിരുന്നു. കർണാടക നിയമസഭാംഗവും കൂട്ടാളികളും അനധികൃത ഓൺലൈൻ, ഓഫ്ലൈൻ വാതുവെപ്പിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ് .
തിരച്ചിലിനിടെ, ഒരു കോടി രൂപയുടെ വിദേശ കറൻസി, ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ, 10 കിലോ വെള്ളി ആഭരണങ്ങൾ, നാല് ആഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 12 കോടി രൂപയുടെ സ്വത്ത് ഇ.ഡി പിടിച്ചെടുത്തു. വീരേന്ദ്ര, സഹോദരൻ കെ.സി. നാഗരാജ്, മകൻ പൃഥ്വി എൻ. രാജ് എന്നിവരുടെ അടക്കം 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും മരവിപ്പിച്ചു. നിരവധി സ്വത്ത് രേഖകളും കണ്ടെടുത്തു. എംഎൽഎ കിംഗ് 567, രാജ 567 തുടങ്ങിയ പേരുകളിൽ ഒന്നിലധികം വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ വീരേന്ദ്ര നടത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
ദുബായ് ആസ്ഥാനമായുള്ള മൂന്ന് സ്ഥാപനങ്ങളായ ഡയമണ്ട് സോഫ്റ്റ്ടെക്, ടിആർഎസ് ടെക്നോളജീസ്, പ്രൈം9 ടെക്നോളജീസ് എന്നിവ സഹോദരൻ നടത്തിയതായും കണ്ടെത്തി. വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കോൾ സെന്റർ, ഗെയിമിംഗ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധമുള്ളതാണിതെന്നാണ് ആരോപണം.
ഗാങ്ടോക്ക്, ചിത്രദുർഗ ജില്ല, ബെംഗളൂരു, ഹുബ്ലി, ജോധ്പൂർ, മുംബൈ, ഗോവ എന്നിവിടങ്ങളിലെ പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നീ അഞ്ച് പ്രമുഖ കാസിനോകളിലും റെയ്ഡ് നടന്നു. കാസിനോയ്ക്കായി ഭൂമി പാട്ടത്തിനെടുക്കുന്നതിനായി വീരേന്ദ്രയും കൂട്ടാളികളും അടുത്തിടെ ബാഗ്ഡോഗ്ര വഴി ഗാങ്ടോക്കിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായി. വീരേന്ദ്രയെ അറസ്റ്റ് ചെയ്തതിനു ശേഷം ഗങ്ടോക്ക് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.

