ന്യൂഡൽഹി: നീറ്റ് പ്രതിഷേധ വിവാദം രൂക്ഷമാകുന്നതിനിടെ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ . വിദ്യാർത്ഥികളുടെ ആശങ്കകൾ സർക്കാർ കണക്കിലെടുക്കുന്നുണ്ടെന്നും, എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ വിഷയം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് പ്രധാന്റെ വിമർശനം.
പാർലമെന്ററി ചർച്ചകളിൽ പങ്കെടുക്കുന്നതിനുപകരം പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും തീരുമാനിച്ചത് . നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ച നടത്താൻ സർക്കാർ ഇതിനകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
വിദ്യാർത്ഥികൾക്കുള്ള പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനുപകരം പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളെ ആയുധങ്ങളായി ഉപയോഗിക്കരുത്. യുവാക്കളുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
അതേസമയം വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാവിയിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിന് പാർലമെന്റിൽ ചർച്ചകൾ നടത്തണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

