ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയെ മോചിപ്പിക്കാൻ വൈകിയതിനാൽ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായില്ലെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ഡൽഹി പൊലീസ്. മുത്തശ്ശിയുടെ മരണവിവരം അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തിന് യാത്രാസൗകര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്ന വീഡിയോ ഡൽഹി പോലീസ് പുറത്തുവിട്ടു.
മരണവിവരവും സംസ്കാര ചടങ്ങുകളുടെ സമയവും അറിയിച്ചതിന് ശേഷം ദീപ്കെയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായി ഡൽഹി പോലീസ് പിആർഒയും ഡിസിപിയുമായ നേഹ യാദവ് പറഞ്ഞു. പോലീസ് പുറത്തുവിട്ട വീഡിയോയിൽ, അദ്ദേഹത്തിന് യാത്രാസൗകര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥൻ പറയുന്നതും കേൾക്കാം.
“നിങ്ങൾക്ക് പോകണമെന്നുണ്ടെങ്കിൽ ബസ്സിലോ വിമാനത്തിലോ മറ്റേതെങ്കിലും മാർഗ്ഗത്തിലോ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കിത്തരാം,” എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
തന്റെ ഔദ്യോഗിക ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബവുമായി ബന്ധപ്പെടാൻ സഹായിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, “വേണ്ട, അത് സാധ്യമല്ല. എനിക്ക് അച്ഛനോട് സംസാരിക്കാൻ കഴിയില്ല,” എന്നായിരുന്നു ദിപ്കെയുടെ മറുപടി. “ശരി, നമുക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം,” എന്ന് ഉദ്യോഗസ്ഥൻ മറുപടിയും നൽകി .
ഇന്ന് തടങ്കലിൽ നിന്ന് മോചിതനായ ശേഷം ദീപ്കെ മഹാരാഷ്ട്രയിലേക്ക് തിരിച്ചു. “മുത്തശ്ശി മരിച്ചതിനാൽ ഞാൻ ഇപ്പോൾ വീട്ടിലേക്ക് പോവുകയാണ്,” എന്നാണ് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വെച്ചാണ് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർറാവു ദിപ്കെ (85) അന്തരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

