ന്യൂഡൽഹി : ഡൽഹി ചാവേർ കാർ ബോംബ് ആക്രമണത്തിൽ ഉൾപ്പെട്ട വൈറ്റ് കോളർ ഭീകര മൊഡ്യൂൾ, ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് മുമ്പ് ഹമാസ് മോഡൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഡ്രോണുകൾ വഴി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായി ആക്രമണം നടത്താനായിരുന്നു ഉദ്ദേശ്യം . അന്ന് അവർ ഡ്രോണുകൾ പ്രധാന ആയുധമായി ഉപയോഗിച്ചിരുന്നു.
ചാവേർ ബോംബറായ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം വെളിപ്പെടുത്തിയത് . കേസിലെ മറ്റൊരു പ്രതിയായ അമീർ റാഷിദ് അലി എന്ന ഡാനിഷിനെ ശ്രീനഗറിൽ വെച്ചാണ് എൻഐഎ സംഘം പിടികൂടിയത്.
മാരകമായ കാർ ബോംബ് സ്ഫോടനത്തിന് മുമ്പ് ഡ്രോണുകൾ പരിഷ്കരിച്ചും റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചും ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഡാനിഷ് സാങ്കേതിക സഹായം നൽകിയതായി എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
ക്യാമറകൾക്കൊപ്പം ഭാരമേറിയ ബോംബുകളും വഹിക്കാൻ കഴിയുന്ന വലിയ ബാറ്ററികൾ ഘടിപ്പിച്ച ശക്തമായ ഡ്രോണുകൾ നിർമ്മിക്കാൻ ഡാനിഷ് ശ്രമിച്ചതായാണ് സൂചന . ചെറിയ ആയുധവാഹികളായ ഡ്രോണുകൾ നിർമ്മിക്കുന്നതിൽ ഡാനിഷിന് പരിചയമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
പരമാവധി നാശനഷ്ടങ്ങൾക്കായി തിരക്കേറിയ പ്രദേശത്തേക്ക് ഡ്രോൺ അയയ്ക്കാൻ ഭീകര മൊഡ്യൂൾ പദ്ധതിയിട്ടിരുന്നു.ഹമാസ് പോലുള്ള ഗ്രൂപ്പുകളും യുദ്ധത്തിൽ തകർന്ന സിറിയയിലെ നിരവധി ഗ്രൂപ്പുകളും അത്തരമൊരു തന്ത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

