തൃശ്ശൂർ: മദ്യലഹരിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ട 21 കാരി അറസ്റ്റിൽ . ചാഴൂർ സ്വദേശിയായ റഹ്മത്ത് ആണ് പിടിയിലായത്. ഇന്നലെ രാത്രി വൈകി തൃശ്ശൂർ നഗരത്തിലായിരുന്നു സംഭവം. തന്നെ കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസുകാരിയെയും ഇവർ ആക്രമിച്ചു.
വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരിൽ നിന്ന് പണം ആവശ്യപ്പെടുകയും അവരെ ആക്രമിക്കുകയും ചെയ്ത യുവതിയെ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇവർ വനിതാ പോലീസുകാരിയെ ആക്രമിച്ചത്. തൃശ്ശൂർ വനിതാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കലയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
യുവതി ഉദ്യോഗസ്ഥയെ കടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. റഹ്മത്തിനൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തൃശ്ശൂർ ഈസ്റ്റ് പോലീസ് യുവതിക്കെതിരെ കേസെടുത്തു.

