കൊൽക്കത്ത : ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം . നാദിയ ജില്ലയിലെ ചപ്രയിൽ, ബിജെപി പോളിംഗ് ഏജന്റിന് നേരെ ആക്രമണം ഉണ്ടായി. 53-ാം നമ്പർ ബൂത്തിലായിരുന്നു സംഘർഷം. ബിജെപി ഓഫീസും തീയിട്ട് നശിപ്പിച്ചു . സൗത്ത് 24 പർഗാനാസിലെ ഭംഗർ നിയമസഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചൽതബേരിയയിൽ, 148-ാം നമ്പർ ബൂത്തിൽ രാത്രി വൈകി നിരവധി പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം ടി എം സി വ്യാജ വോട്ടുകൾ ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരി ആരോപിച്ചു. ടിഎംസി ഈ ആരോപണം നിഷേധിച്ചെങ്കിലും, സുവേന്ദു അധികാരിയുടെ അവകാശവാദങ്ങളെ തുടർന്ന് പല ബൂത്തുകളിലും സുരക്ഷ വർധിപ്പിച്ചു.
ആദ്യ ഘട്ടത്തിൽ റെക്കോർഡ് പോളിംഗാണ് ബംഗാളിൽ രേഖപ്പെടുത്തിയത് . ഇന്ന് കൊൽക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലായി 142 നിയമസഭാ സീറ്റുകളിലാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് . കർശന സുരക്ഷയിലാണ് വോട്ടെടുപ്പ് . ഇതിനിടെ ഇസ്കോൺ ഭക്തർ “ഹരേ രാമ, ഹരേ കൃഷ്ണ” എന്ന് മന്ത്രിച്ചുകൊണ്ട് പോളിംഗ് സ്റ്റേഷനിൽ എത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

