ന്യൂഡൽഹി ; അനുമതി ഇല്ലാതെ മാർച്ച് നടത്താൻ ശ്രമിച്ചത് തടസ്സപ്പെടുത്തിയതിനെതിരെ പാറ്റാ പാർട്ടി. നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്നാണ് ആരോപണം. “യുവജനങ്ങളുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തെ” അടിച്ചമർത്തുന്നതിനായി അധികൃതർ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്ന് പാറ്റാ പാർട്ടി പ്രവർത്തകരായ സൗരവ് ദാസും അശുതോഷ് രങ്കയും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പാറ്റാ പാർട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്. നഗരം സൈനിക താവളമായി മാറിയെന്നാണ് സൗരവ് ദാസിന്റെ പരാതി. ‘ 1975-ലെ ഏകാധിപത്യ ഭരണകൂടത്തിന് ശേഷം ഇത്തരമൊരു അടിച്ചമർത്തൽ സാഹചര്യം കണ്ടിട്ടില്ല . കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി ഡൽഹി അക്ഷരാർത്ഥത്തിൽ സൈനിക താവളമായി മാറിയിരിക്കുന്നു.
അതിർത്തി സേനാംഗങ്ങളും കാശ്മീർ, ബംഗാൾ, നക്സൽ ബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗ്ഗം എത്തിച്ചവരുമടക്കം 30,000 മുതൽ 40,000 വരെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കടുത്ത നിയന്ത്രണങ്ങളോടെ നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്നത്.
57 മെട്രോ സ്റ്റേഷനുകൾ അടച്ചിടുക, രാജധാനി സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കുക, ഞായറാഴ്ചകളിൽ പോലും വിപണികൾ അടച്ചിടാൻ നിർബന്ധിക്കുക എന്നിവ ജനജീവിതത്തെ തടസ്സപ്പെടുത്തുന്നു. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഈ മുന്നേറ്റത്തിനെതിരെ ജനവികാരം തിരിക്കാനായി ഭരണകൂടം ബോധപൂർവ്വം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്,” എന്നാണ് പാറ്റാ പാർട്ടിയുടെ ആരോപണം.

