മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാറ്റാപാർട്ടി കൺവീനർ അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസ പോലീസാണ് കേസെടുത്തിരിക്കുന്നത്.
അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചു, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, അധ്യാപകരെ ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ജില്ലാ പരിഷത്ത് ഉറുദു സ്കൂളിലെ 53 വയസ്സുള്ള അധ്യാപകനായ സയ്യദ് ഷംഷദ്ബാനോ ഖൈരത്ത് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സിജെപിയുടെ ‘സ്കൂളുകൾ പരിഹരിക്കുക’ എന്ന കാമ്പെയ്നിന്റെ ഭാഗമായി, നിലവിലുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ദിപ്കെ മധ്യ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സ്കൂളുകളിൽ എത്തിയിരുന്നു. മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെ ഔസയ്ക്കടുത്തുള്ള ജാവ്ലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിലും ദീപ്കെ എത്തിയിരുന്നു.
അനുവാദമില്ലാതെ ദിപ്കെയും കൂട്ടാളികളും സ്കൂളിൽ കയറിയെന്നും , വിദ്യാർത്ഥികൾക്കിടയിൽ ഇരുന്ന് , അവരോട് വിവിധ ചോദ്യങ്ങൾ ചോദിച്ച് , അതുവഴി അക്കാദമിക് പ്രവർത്തനങ്ങളും ഔദ്യോഗിക ജോലികളും തടസ്സപ്പെടുത്തിയെന്നുമാണ് അധ്യാപകർ പറയുന്നത്.മാത്രമല്ല ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് പാറ്റാപാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു.
തന്റെ സന്ദർശന വേളയിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ ഇരുത്താൻ കൊണ്ടുവന്നുവെന്ന് പറഞ്ഞ് ദിപ്കെ സ്കൂളിനെ അപകീർത്തിപ്പെടുത്തിയെന്നും അധികൃതർ പറയുന്നു. അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 132, 329(3), 351(2), 356(2) എന്നിവ പ്രകാരം ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

