ഇടുക്കി: അതീവ സെൻസിറ്റീവ് സുരക്ഷാ മേഖലയായ പെരിയാർ ടൈഗർ റിസർവിനുള്ളിൽ അനുമതിയില്ലാതെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഡ്രോൺ പറത്തി മുല്ലപ്പെരിയാർ കനാലിന്റെയും പരിസര വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തി . കേരള വനം വകുപ്പിന്റെയോ പോലീസിന്റെയോ മുൻകൂർ അനുമതിയില്ലാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന ദിവസമാണ് സംഭവം.
പെരിയകുളം എംഎൽഎ ഈ ദൃശ്യങ്ങൾ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു . വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പരിസ്ഥിതി ലോലമായ പെരിയാർ ടൈഗർ റിസർവിനുള്ളിൽ ഡ്രോണുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട് . സുരക്ഷാ, പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചതിന് തമിഴ്നാട് സംഘത്തിനെതിരെ കേരള വനം വകുപ്പ് നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

