ന്യൂഡൽഹി : റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം. കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അംഗീകാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് 10,91,146 റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകുന്നതിന് അംഗീകാരം നൽകിയത്.
എല്ലാ വർഷവും, ദീപാവലിയ്ക്ക് മുമ്പ് റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാറുണ്ട്. ഈ വർഷം, ഏകദേശം 10.91 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് നൽകുന്നത്. റെയിൽവേ ജീവനക്കാരെ റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമാണ് PLB. ഓരോ റെയിൽവേ ജീവനക്കാരനും പരമാവധി 17,951/- രൂപ ബോണസായി ലഭിക്കും.
ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ ഹെൽപ്പർമാർ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ തുടങ്ങി വിവിധ വിഭാഗത്തിലുള്ള റെയിൽവേ ജീവനക്കാർക്കാണ് ബോണസ് നൽകുന്നത്.

