ന്യൂഡൽഹി : കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ബോംബ് ഭീഷണി . ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ സജീവമായി രംഗത്തുണ്ട് . അതിനിടെയാണ് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രസിഡന്റ് കൂടിയായ ചിരാഗിന് ബോംബ് ഭീഷണി വന്നിരിക്കുന്നത് .
സോഷ്യൽ മീഡിയയിലാണ് വധഭീഷണി ഉയർന്നത് . തുടർന്ന് പാർട്ടിയുടെ മുഖ്യ വക്താവ് രാജേഷ് ഭട്ട് പട്നയിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാജിപൂർ സീറ്റിൽ നിന്ന് വൻ വിജയം നേടിയാണ് ചിരാഗ് പാസ്വാൻ പാർലമെന്റിൽ എത്തിയത് . സജീവ രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ്, ചിരാഗ് ഒരു ബോളിവുഡ് നടൻ കൂടിയായിരുന്നു. തന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ രാഷ്ട്രീയ പാരമ്പര്യവും ചിരാഗിന്റെ കൈകളിൽ ഭദ്രമാണ്.നേരത്തെ, ഛപ്രയിൽ സംഘടിപ്പിച്ച ‘നവ സങ്കൽപ്പ് മഹാസഭ’യെ അഭിസംബോധന ചെയ്യുന്നതിനിടെ, ചിരാഗ് പാസ്വാൻ ബീഹാറിലെ എല്ലാ സീറ്റുകളിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു . മോദിയുടെ ബീഹാർ സന്ദർശനത്തെ പറ്റിയും അദ്ദേഹം പറഞ്ഞു.
ആരുടെയും പേര് പരാമർശിക്കാതെ, “അദ്ദേഹം ബീഹാറിലേക്ക് വരുന്നത് തടയാൻ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്, പക്ഷേ അദ്ദേഹം ആരെയും ഭയപ്പെടാൻ പോകുന്നില്ല. ഇന്ന്, ഈ പുണ്യഭൂമിയായ സരണിൽ നിന്ന്, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ പറയുന്നു, അതെ, ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്. ബീഹാറിലെ ജനങ്ങൾക്ക് വേണ്ടി, എന്റെ സഹോദരന്മാർക്ക് വേണ്ടി, എന്റെ അമ്മമാർക്ക് വേണ്ടി, എന്റെ സഹോദരിമാർക്ക് വേണ്ടി ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും, സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് മുന്നോട്ട് കൊണ്ടുപോകും.“ ചിരാഗ് പറഞ്ഞിരുന്നു.

