ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി . ബുധനാഴ്ച രാവിലെയാണ് ദ്വാരക, വസന്ത് കുഞ്ച്, പശ്ചിം വിഹാർ, ഹൗസ് ഖാസ് പ്രദേശങ്ങളിലെ നാല് പ്രശസ്തമായ സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉണ്ടായത് . ഇമെയിൽ വഴി വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പോലീസും അടിയന്തര സംഘങ്ങളും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
പുലർച്ചെ 5:22 ന് ദ്വാരകയിലെ സെന്റ് തോമസ് സ്കൂളിനാണ് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനുശേഷം, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂൾ, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബൽ സ്കൂൾ, ഹൗജ് ഖാസിലെ മദർ ഇന്റർനാഷണൽ സ്കൂൾ എന്നിവയ്ക്കും സമാനമായ ഇമെയിലുകൾ ലഭിച്ചു. എല്ലാ ഇമെയിലുകളിലും ബോംബ് സ്ഫോടനത്തെക്കുറിച്ചായിരുന്നു മുന്നറിയിപ്പ് . മെയിൽ ലഭിച്ചയുടനെ സ്കൂൾ അധികൃതർ പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു.
ഡൽഹി പോലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് നിർവീര്യ യൂണിറ്റ്, മറ്റ് അടിയന്തര സംഘങ്ങൾ എന്നിവ സ്കൂൾ പരിസരങ്ങളിലെല്ലാം നിലയുറപ്പിച്ചിട്ടുണ്ട് . രാവിലെ 5:30 മുതൽ 8:30 വരെ, നാല് സ്കൂളുകളിൽ നിന്നും വ്യത്യസ്ത സമയങ്ങളിൽ അഗ്നിശമന സേനയ്ക്ക് കോളുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ ഏജൻസികൾ സ്കൂൾ പരിസരങ്ങൾ ഒഴിപ്പിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എങ്കിലും, മുൻകരുതൽ എന്ന നിലയിൽ, മുഴുവൻ പ്രദേശത്തും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. കൂടാതെ അന്വേഷണത്തിനായി ഫോറൻസിക് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഈ മെയിലുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്, സൈബർ സെല്ലും സജീവമായി രംഗത്തുണ്ട് .
ഡൽഹിയിലെ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് ഇതാദ്യമല്ല . കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട് . ഈ സംഭവങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുമുണ്ട്. ആരും പരിഭ്രാന്തരാകരുതെന്നാണ് പോലീസ് അഭ്യർത്ഥിക്കുന്നത്. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഭീഷണി അയച്ച ആളുകളെ ഉടൻ തിരിച്ചറിയുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.

