ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ച ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരം പ്രേതനഗരമായി മാറിയിരിക്കുന്നു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട റസിഡന്റ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മുറികൾ ഒഴിഞ്ഞു തുടങ്ങി.
രക്ഷപ്പെട്ട ഹോസ്റ്റൽ അന്തേവാസികളുടെ കണ്ണുകളിൽ ആശ്വാസവും ഭയവും വേദനയും കാണാം. പലരും ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പലരും കരഞ്ഞു. “എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ചിലർ ഉള്ളതെല്ലാം എടുത്ത് സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി” ഒരു വിദ്യാർത്ഥി പറഞ്ഞു.
ഇവിടെ നാല് ഹോസ്റ്റൽ കെട്ടിടങ്ങളുണ്ട്. അവയിൽ ആറ് നിലകളുള്ള രണ്ടെണ്ണം പൂർണ്ണമായും തകർന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതർ താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഒരു മലയാളി വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അഹമ്മദാബാദിലെ മലയാളി സമാജം സ്ഥിരീകരിച്ചു.
“ലോകം തകർന്നുവീഴുകയാണെന്ന് കരുതി. ഉച്ചഭക്ഷണ സമയത്താണ് ദുരന്തം സംഭവിച്ചത്. വിമാനം നേരിട്ട് മെസ് ഹാളിലേക്ക് ഇടിച്ചുകയറിയതായി “ ദൃക്സാക്ഷിയായ ഡോ. കൃതിക് പറഞ്ഞു. “ചുറ്റും ഒരു വലിയ പൊടിപടലം നിറഞ്ഞു. പ്രദേശമാകെ കട്ടിയുള്ള പുക നിറഞ്ഞിരുന്നു. . നിരവധി പേർ ജനാലകളിൽ നിന്ന് പുറത്തേക്ക് ചാടി. രക്ഷാപ്രവർത്തകർ 15-20 മിനിറ്റിനുള്ളിൽ എത്തി,” കൃതിക് കൂട്ടിച്ചേർത്തു. ഹോസ്റ്റലിനടുത്തുള്ള റെസിഡൻഷ്യൽ ക്വാർട്ടേഴ്സും തകർന്നു.