കൊൽക്കത്ത : അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിൽ ഉണ്ടായ താളപ്പിഴകളെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ . കഴിഞ്ഞ വർഷം ഡിസംബർ 13 നാണ് മെസ്സി കൊൽക്കത്ത സന്ദർശിച്ചത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 10 മിനിറ്റ് മാത്രമേ മെസി ഉണ്ടായിരുന്നുള്ളൂ. ലക്ഷക്കണക്കിന് ആളുകളാണ് മെസിയെ കാണാനായി അവിടെയെത്തിയത് . ഉയർന്ന ടിക്കറ്റ് നിരക്കും ഈടാക്കിയിരുന്നു.
ഇതിൽ നടന്ന അഴിമതിയെ പറ്റി അന്വേഷിക്കാനാണ് സുവേന്ദു സർക്കാരിന്റെ തീരുമാനം . പണം നൽകി ടിക്കറ്റ് വാങ്ങി മെസിയെ കാണാൻ എത്തിയവർ സ്റ്റേഡിയയിൽ അക്രമം അഴിച്ചു വിട്ടിരുന്നു.സ്റ്റേഡിയത്തിനുള്ളിൽ കുപ്പികൾ എറിഞ്ഞു, സീറ്റുകൾ തകർത്തു, ഹോർഡിംഗുകൾ തകർത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട്, സംഘാടകനായ സതദ്രു ദത്തയെ അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാളിൽ അന്ന് ഭരിച്ചിരുന്ന മമത ബാനർജി സർക്കാരിന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. മെസ്സിയുടെ പരിപാടിക്കിടെ ഉണ്ടായ കുഴപ്പങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് കാര്യമായ ഇടിവുണ്ടാക്കി.
ഈ കേസുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പശ്ചിമ ബംഗാളിന്റെ കായിക മന്ത്രി നിസിത് പ്രമാണിക് പറയുന്നത് . ഇത്രയും വലിയൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് കൃത്യമായി നിർണ്ണയിക്കാൻ വിശദമായ അന്വേഷണം ഉണ്ടാകും . “ഇത് ഒരു വലിയ പരാജയമായതിനാലാണ് ഞാൻ ഫയലുകൾ ആവശ്യപ്പെട്ടത്. എന്താണ് തെറ്റ് സംഭവിച്ചതെന്ന് അന്വേഷണം വെളിപ്പെടുത്തും, തുടർന്ന് ഭാവി നടപടികൾ തീരുമാനിക്കും – അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ സംഘടിപ്പിച്ച നിരവധി കായിക പരിപാടികൾക്കിടെ പശ്ചിമ ബംഗാൾ സർക്കാർ ഗൂഢാലോചന നടത്തിയതായി നിസിത് പ്രമാണിക് ആരോപിച്ചു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിവിധ കേന്ദ്ര കായിക പദ്ധതികളുടെയും പദ്ധതികളുടെയും നടത്തിപ്പിൽ നിരന്തരമായ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

