ധാക്ക : ഇന്ത്യയ്ക്ക് പിന്നാലെ യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടാൻ ബംഗ്ലാദേശ്. ഫെബ്രുവരി 9-ന് യുഎസും ബംഗ്ലാദേശും കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുൻപ് മുഖം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മുഹമ്മദ് യൂനുസിന്റേത് . കരാറിന്റെ നിബന്ധനകളെക്കുറിച്ചുള്ള രഹസ്യസ്വഭാവം കാരണം രാജ്യത്ത് വിമർശനങ്ങളും ഉയരുന്നുണ്ട്.
എല്ലാ വ്യാപാര ചർച്ചകളും രഹസ്യമായി സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഔദ്യോഗിക നോൺ-ഡിസ്ക്ലോഷർ ഉടമ്പടി യുഎസുമായി 2025-ന്റെ മധ്യത്തോടെ മുഹമ്മദ് യൂനുസ് സർക്കാർ ഒപ്പുവെച്ചു. കരാറിന്റെ ഒരു കരടും പൊതുജനങ്ങൾക്കോ പാർലമെന്റിലോ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയ്ക്ക് തുല്യമായ കരാറാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത് . കാരണം അവരുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും യുഎസിലേക്കുള്ള തുണി കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ബംഗ്ലാദേശിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 90 ശതമാനത്തോളം വരുമിത്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള യുഎസിന്റെ കരാർ വിവരങ്ങൾ പുറത്ത് വന്നതോടെ ഭയന്നിരുന്നു യൂനുസ് സർക്കാർ.
ഏപ്രിൽ 2025-ൽ ബംഗ്ലാദേശിന് മേൽ 37 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ തീരുവകൾ 35 ശതമാനമായും പിന്നീട് ഓഗസ്റ്റിൽ 20 ശതമാനമായും കുറച്ചു. പുതിയ കരാറോടെ യുഎസ് തീരുവ 15 ശതമാനമായി കുറയ്ക്കുമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക, ചൈനയിൽ നിന്നുള്ളതിനേക്കാൾ യുഎസിൽ നിന്നുള്ള സൈനിക ഇറക്കുമതി വർധിപ്പിക്കുകയും ചെയ്യുക , യുഎസിൽ നിന്നുള്ള ഇറക്കുമതി സ്വതന്ത്രമായിരിക്കണം. കൂടാതെ ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ യുഎസ് മാനദണ്ഡങ്ങളും സർട്ടിഫിക്കേഷനുകളും ബംഗ്ലാദേശ് അംഗീകരിക്കുക എന്നീ നിബന്ധനകൾ കരാറിൽ ഉള്ളതായാണ് സൂചന.

