ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി. ബിജെപി നേതാവ് അശോക് ഗജപതി രാജുവിനെ ഗോവയുടെ പുതിയ ഗവർണറായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ചെന്നൈ സ്വദേശിയായ രാജു മുമ്പ് സിവിൽ ഏവിയേഷൻ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രീധരൻപിള്ളയ്ക്ക് നിലവിൽ മറ്റ് തസ്തികകളൊന്നും നൽകിയിട്ടില്ല.
രാഷ്ട്രപതി ഭവനിൽ നിന്നാണ് ഉത്തരവ് പുറത്തിറങ്ങിയത്. മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്. പ്രൊഫസർ ആഷിം കുമാർ ഘോഷ് ഹരിയാനയുടെ പുതിയ ഗവർണറാകും. കവീന്ദർ ഗുപ്തയെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് ബ്രിഗേഡിയർ (ഡോ) ബി ഡി മിശ്ര (റിട്ട) യുടെ രാജി പ്രസിഡന്റ് മുർമു സ്വീകരിച്ചു.
25 വർഷത്തിലേറെയായി ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു രാജു. ആന്ധ്രാപ്രദേശ് സർക്കാരിൽ 13 വർഷം മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യ നികുതി, എക്സൈസ്, നിയമനിർമ്മാണകാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1978 ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. വിജയനഗരം വിധാൻ സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1982 ൽ തെലുങ്കുദേശം പാർട്ടി രൂപീകരിച്ചപ്പോൾ, അദ്ദേഹം അതിൽ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വർഷങ്ങളിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു. 2014 ൽ ലോക്സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

