ശ്രീനഗർ : കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന . ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത് . സുരക്ഷാ സേനയും ഭീകരരും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടലാണ് ഇന്ന് നടന്നത് . ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. വനമേഖലയിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്.
കുപ്വാരയിൽ നിന്ന് ഭീകരബന്ധമുള്ളയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിഖ് ഹുസൈൻ വാനിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഹന്ദ്വാര പൊലീസും 22 രാഷ്ട്രീയ റൈഫിൾസും, സിആർപിഎഫിന്റെ 92-ാം ബറ്റാലിയനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആഷിഖ് പിടിയിലായത്.
രണ്ട് ദിവസം മുൻപാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ . കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ. 2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടറായിരുന്ന മസ്റൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉസ്മാനുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.