പൂനെ ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനാപകടത്തിന്റെ വിശദാംശങ്ങൾ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയ കത്തിന് വ്യാഴാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം മറുപടി നൽകിയിരുന്നു . ഇതിലാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്ത് അന്വേഷണത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത് . അപകടസ്ഥലത്ത് നിന്ന് ലഭിച്ച എല്ലാ സാങ്കേതിക രേഖകളും പ്രവർത്തന വിശദാംശങ്ങളും വസ്തുതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അപകടത്തിന്റെ കാരണവും കണ്ടെത്താൻ സഹായിക്കുമെന്നും കത്തിൽ പറയുന്നു.
വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം സമഗ്രമായും സുതാര്യമായും സമയബന്ധിതമായും നടത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
“ഭാവിയിൽ സമാനമായ സംഭവം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന അഭ്യർത്ഥനയും പരിഗണിക്കുന്നു,” മന്ത്രാലയം പറഞ്ഞു.അതേസമയം അപകടത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളുടെ വിശദാംശങ്ങൾ, സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ടു. അതിൽ ജീവനക്കാരും എയർ ട്രാഫിക് കൺട്രോളും (എടിസി) തമ്മിൽ ആശയവിനിമയം നടന്നിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്.
പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ബാരാമതിയിൽ വിമാനം രണ്ടുതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചു. രണ്ട് പ്രാദേശിക ഫ്ലൈയിംഗ് സ്കൂളുകളിൽ നിന്നുള്ള പൈലറ്റ് കേഡറ്റുകളാണ് അവിടെ എടിസി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. റൺവേ ദൃശ്യമല്ലെന്ന് ജീവനക്കാർ ആദ്യം റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് റൺവേയുമായി ദൃശ്യ സമ്പർക്കം സ്ഥിരീകരിച്ചു, തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രാവിലെ 8:43 ന് അനുമതി നൽകിയതായും കൃത്യം ഒരു മിനിറ്റിനുശേഷം വിമാനം തീപിടിച്ചതായി എടിസി കണ്ടതായും സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നുണ്ട്. ദൃശ്യപരത കുറവായിരുന്നിട്ടും ലാൻഡിങ് ശ്രമം നടത്തിയതാണോ അപകടത്തിന് കാരണം എന്നതിനെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

