ലക്നൗ : ഹോളി ആഘോഷത്തിന് മുന്നോടിയായി ,സംഭാൽ ഷാഹി ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള 10 മസ്ജിദുകൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടി. ഹോളി ഘോഷയാത്രയുടെ പാതയിൽ വരുന്നതിനാൽ മാർച്ച് 14 ന് നടക്കുന്ന ‘ലാത്ത് സാഹിബ്’ ഹോളി ആഘോഷത്തിന് മുന്നോടിയായി ഷാജഹാൻപൂരിലെ പള്ളികളും ടാർപോളിൻ കൊണ്ട് മൂടും.
ഹിന്ദു, മുസ്ലീം സമുദായ അംഗങ്ങൾ പങ്കെടുത്ത സമാധാന സമിതി യോഗം ഇന്ന് അവസാനിച്ചതിന് ശേഷമാണ് തീരുമാനം. ഇക്കാര്യത്തിൽ ഇരു സമുദായങ്ങളും സമവായത്തിലെത്തി.”ഹോളി ഘോഷയാത്ര നടത്തുന്ന പരമ്പരാഗത പാതയിൽ വരുന്ന 10 മത സ്ഥലങ്ങളും വിശ്വാസങ്ങൾ വ്രണപ്പെടാതിരിക്കാൻ മൂടും. ഇരു വിഭാഗങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകളും ധാരണയും ഉണ്ടായിട്ടുണ്ട്” എന്ന് സാംഭാൽ എഎസ്പി ശ്രീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂരിലെ ജില്ലാ ഭരണകൂടവും ഈ വർഷം കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ട്.
ഈ ആഴ്ച ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് അയോധ്യയിലുടനീളമുള്ള എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടത്തുമെന്ന് നഗരത്തിലെ പ്രമുഖ പുരോഹിതൻ പറഞ്ഞു. അതേസമയം സെക്ഷൻ 126, സെക്ഷൻ 135 എന്നിവ പ്രകാരം 1015 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സംഭാൽ എസ്ഡിഎം ഡോ. വന്ദന മിശ്ര പറഞ്ഞു.അക്രമങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻ കരുതൽ.