ന്യൂഡൽഹി ; അഫ്ഗാനിസ്ഥാൻ ഇന്ത്യയെ അടുത്ത സുഹൃത്തായിട്ടാണ് കാണുന്നതെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി . ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുത്താക്കി . 2021 ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര ഇടപെടലാണിത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നും, മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അഫ്ഗാനിസ്ഥാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ലെന്നും മുത്താക്കി പറഞ്ഞു .
“അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ, ഇന്ത്യയാണ് ആദ്യം പ്രതികരിച്ചത്. അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായിട്ടാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു കൂടിയാലോചനാ സംവിധാനം സൃഷ്ടിക്കാനും ഞങ്ങൾ തയ്യാറാണ്,” മുത്താക്കി യോഗത്തിൽ പറഞ്ഞു.
“ഇന്ത്യയിൽ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വർദ്ധിപ്പിക്കും. ഇന്ത്യയും അഫ്ഗാനിസ്ഥാനും അവരുടെ ഇടപെടലുകളും കൈമാറ്റങ്ങളും വർദ്ധിപ്പിക്കണം ” അദ്ദേഹം കൂട്ടിച്ചേർത്തു.യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയിൽ നിന്ന് താൽക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാൻ നേതാവ് ഇന്ത്യയിൽ എത്തിയത്.
യോഗത്തിനിടെ കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പ്രഖ്യാപിച്ചു.2021-ൽ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേനയെ പിൻവലിച്ചതിനെത്തുടർന്ന് താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ കാബൂളിലെ എംബസി അടച്ചുപൂട്ടിയിരുന്നു . എന്നാൽ ഒരു വർഷത്തിനുശേഷം വ്യാപാരം, വൈദ്യസഹായം, മാനുഷിക സഹായം എന്നിവ സുഗമമാക്കുന്നതിനായി ചെറിയ ദൗത്യം ഇന്ത്യ നടത്തിയിരുന്നു . ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ, തുർക്കി എന്നിവയുൾപ്പെടെ പത്തോളം രാജ്യങ്ങൾക്ക് കാബൂളിൽ എംബസികളുണ്ട്.
“അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് “ ജയ്ശങ്കർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുത്താക്കിയോട് പറഞ്ഞു.ചൊവ്വാഴ്ച റഷ്യയിൽ നടന്ന അന്താരാഷ്ട്ര യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് മുത്താക്കിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനം. അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ ശ്രമത്തെ ഈ സന്ദർശനം സൂചിപ്പിക്കുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തന്ത്രപരമായ ശ്രമവും ഇതിനു പിന്നിലുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മുത്താക്കിയെ സ്വാഗതം ചെയ്ത് എക്സിൽ പോസ്റ്റ് പങ്ക് വച്ചു . “ഉഭയകക്ഷി ബന്ധങ്ങളിലും പ്രാദേശിക വിഷയങ്ങളിലും അദ്ദേഹവുമായി ചർച്ചകളിൽ ഏർപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള മുൻകാല ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സന്ദർശനം. ജനുവരിയിൽ ദുബായിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുത്താക്കിയെ കണ്ടിരുന്നു . തുടർന്ന് മുത്താക്കിയും ജയ്ശങ്കറും തമ്മിൽ ഫോണിലും സംസാരിച്ചിരുന്നു.

