ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയത് വൻ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് വിശദീകരണം നൽകിയിരിക്കുകയാണ് മുത്തഖി . മുൻ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർ പങ്കെടുക്കാതിരുന്നതിനെ “സാങ്കേതിക പ്രശ്നം” എന്നാണ് ആമിർ ഖാൻ മുത്തഖി ന്യായീകരിച്ചത്. മാത്രമല്ല രണ്ടാമത് നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ട്.
“ആ പത്രസമ്മേളനത്തെ സംബന്ധിച്ചിടത്തോളം, അത് ഒരു ചെറിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു ചെറിയ പട്ടിക ഉണ്ടായിരുന്നു. അത് കൂടുതൽ സാങ്കേതിക പ്രശ്നമായിരുന്നു, പക്ഷേ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ സഹപ്രവർത്തകർ പത്രപ്രവർത്തകരുടെ ഒരു പ്രത്യേക പട്ടികയ്ക്ക് ക്ഷണം അയയ്ക്കാൻ തീരുമാനിച്ചു. അതല്ലാതെ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല,” മുത്തഖി പറഞ്ഞു.
“2.8 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ സ്കൂളുകളിലും സ്ഥാപനങ്ങളിലും ഞങ്ങൾക്ക് 10 ദശലക്ഷം വിദ്യാർത്ഥികളുണ്ട്. മദ്രസകളിൽ, ബിരുദം വരെ വിദ്യാഭ്യാസം തുടരുന്നു. ചില പരിധികൾ നിലവിലുണ്ട്, പക്ഷേ ഞങ്ങൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസം മതപരമായി ‘ഹറാം’ ആയി പ്രഖ്യാപിച്ചിട്ടില്ല “ അദ്ദേഹം വ്യക്തമാക്കി.
മുത്തഖി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി വിപുലമായ ചർച്ചകൾ നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു വാർത്താസമ്മേളനം നടന്നത്. വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിനെതിരെ രൂക്ഷമായ വിമർശനവും ഉയർന്നു.

