ന്യൂഡൽഹി ; ലേയിൽ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുക് അറസ്റ്റിൽ. രണ്ട് ദിവസം മുൻപ് നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ലഡാക്കിനെ സംസ്ഥാന പദവിയിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം.വാങ്ചുകിന്റെ “പ്രസ്താവനകൾ” ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വാങ്ചുകിന്റെ നിരാഹാരവും പ്രതിഷേധവുമാണ് അശാന്തിക്ക് കാരണമായത് . അദ്ദേഹത്തിന്റെ നിരാഹാരവും പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടു. അക്രമാസക്തരായ ആളുകൾ ബിജെപി ഓഫീസുകളെയും , സർക്കാർ ഓഫീസുകളെയും ആക്രമിക്കുകയും പൊതു സ്വത്തുക്കൾക്ക് തീയിടുകയും 30 ലധികം പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറയുന്നു.
“സെപ്റ്റംബർ 24 ന് രാവിലെ 11.30 ഓടെ, അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാൽ പ്രേരിതരായ ജനക്കൂട്ടം നിരാഹാര സമരം നടന്ന സ്ഥലം വിട്ട് ഒരു രാഷ്ട്രീയ പാർട്ടി ഓഫീസും സിഇസി ലേയുടെ സർക്കാർ ഓഫീസും ആക്രമിച്ചു,” പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധക്കാർ അക്രമാസക്തരായപ്പോൾ, പ്രാദേശിക ബിജെപി ഓഫീസ് തീയിട്ടു, ഒരു വാഹനവും കത്തിച്ചു.
ഈ അക്രമാസക്തമായ സംഭവവികാസങ്ങൾക്കിടയിൽ, അദ്ദേഹം ഉപവാസം അവസാനിപ്പിച്ച് ആംബുലൻസിൽ തന്റെ ഗ്രാമത്തിലേക്ക് പോയി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താതെയാണ് അദ്ദേഹം മടങ്ങിയതെന്നും കേന്ദ്രസർക്കാർ പറയുന്നു. സെപ്റ്റംബർ 10 നാണ് സ്വയംഭരണം, സംസ്ഥാന പദവി, ലഡാക്കിനുള്ള ആറാം ഷെഡ്യൂൾ പദവി എന്നിവ ആവശ്യപ്പെട്ട് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ വിദേശ സംഭാവന നിയമത്തിന്റെ ലൈസൻസ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.

