ന്യൂഡൽഹി ; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസുമായും , അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒൻപത് ഭീകരർ പിടിയിൽ . ഡൽഹി, മുംബൈ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയവരാണിവർ. ഡൽഹി പൊലീസിന്റെ സ്പെഷ്യൻ ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായ പ്രതികളിൽ ചിലർ ഡൽഹി, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ചിലർ വിദേശികളാണെന്നും പൊലീസ് പറഞ്ഞു. വലിയ അളവിൽ വെടിയുണ്ടകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.ആണവ കേന്ദ്രങ്ങൾ , വിമാനത്താവളങ്ങൾ , റെയിൽ വേ സ്റ്റേഷനുകൾ , വൈദ്യുത നിലയങ്ങൾ അടക്കം സുപ്രധാന സ്ഥാപനങ്ങളെയും , സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ഇവർ ലക്ഷ്യം വച്ചിരുന്നത് . പിടിയിലായവർ കഴിഞ്ഞ കുറച്ച് നാളുകളായി നിരീക്ഷണത്തിലായിരുന്നുവെന്നും , ഇവരുടെ അതിർത്തി കടന്നുള്ള ബന്ധങ്ങൾ , ഫണ്ടിംഗ് , വിദേശബന്ധം എന്നിവയും അന്വേഷണ വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഭീകരഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിർദേശത്തെ തുടർന്ന് ഡൽഹി അതീവ ജാഗ്രതയിലാണ് . ചാവേർ ആക്രമണങ്ങൾ , ഐഇഡി സ്ഫോടനങ്ങൾ, വെടിവയ്പ്പ്, ഏകോപിത ആക്രമണങ്ങൾ എന്നിവ വഴി രാജ്യത്ത് നാശം വിതയ്ക്കാൻ ഭീകരസംഘം ലക്ഷ്യമിടുന്നതായി ഈ മാസം ആദ്യം ഇന്റലിജൻസ് സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ജാഗ്രത പാലിക്കാനും, രഹസ്യാന്വേഷണ ഏജൻസികളുമായും, കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളുമായി അടുത്ത ഏകോപനം നിലനിർത്താനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

