ന്യൂഡൽഹി ; രാജ്യം 77-)0 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ . ഡൽഹിയിലെ കർത്തവ്യപാഥയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതി പ്രസിഡന്റ് ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും . യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കും . യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരിക്കും.
റിപ്പബ്ലിക് ദിനത്തിൽ എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. “ ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായ ഈ ദേശീയ ഉത്സവം നിങ്ങളിൽ എല്ലാവരിലും പുതിയ ഊർജ്ജവും ആവേശവും നിറയ്ക്കട്ടെ. വികസിത ഇന്ത്യയ്ക്കായുള്ള ദൃഢനിശ്ചയം കൂടുതൽ ശക്തമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി-എൻസിആറിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗുരുഗ്രാം, ചില്ല, തിക്രി, സിംഗു, കപഷെറ, ബദർപൂർ, ധൗള കുവാൻ എന്നീ അതിർത്തികളിൽ പോലീസ് ഉദ്യോഗസ്ഥർ സമഗ്രമായ വാഹന പരിശോധനകൾ നടത്തുന്നു. രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കർത്തവ്യപഥിനു പുറമേ രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും.വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരമുണ്ട്.

