ന്യൂഡൽഹി : വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം.
മ്യാൻമറിലെയും തായ്ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തായ്ലൻഡിലെ മേ സോട്ടിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വിമാനത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത് .
ഇവരുടെ മോചനത്തിനായി ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മ്യാൻമർ-തായ്ലൻഡ് അതിർത്തിയിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തട്ടിപ്പുകാരാണ് ഇവരെ വ്യാജജോലി വാഗ്ദാനം നൽകി കുടുക്കിയത്. വിദേശത്തുനിന്നുള്ള ജോലി വാഗ്ദാനം സ്വീകരിക്കുന്നതിനു മുൻപായി റിക്രൂട്ടിങ് ഏജന്റിന്റെയും കമ്പനികളുടെയും വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

