ലോക്ക്ഡൗൺ കാലഘട്ടങ്ങളെ അപേക്ഷിച്ച്, അയർലൻഡിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന യുവാക്കളുടെ നിരക്ക് വർദ്ധിച്ചതായി പഠന റിപ്പോർട്ട്. 15-24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പ്രതികൂല ഫലങ്ങൾ മൂലമാണെന്ന് ഗവേഷകർ പറയുന്നു.
കോവിഡ്-19 പാൻഡെമിക്കും അനുബന്ധ ലോക്ക്ഡൗണുകളും യുവാക്കൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ തോതിൽ സ്വാധീനം ചെലുത്തുന്നുവെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് എച്ച്എസ്ഇ ആരോഗ്യ സംരക്ഷണ വിദഗ്ധർ ഇക്കാര്യത്തിൽ പഠനം നടത്തിയത്.
യൂറോപ്പിൽ ഇതിനകം തന്നെ നാലാമത്തെ ഉയർന്ന യുവ ആത്മഹത്യാ നിരക്കുള്ള രാജ്യത്ത്, ലോക്ഡൗൺ കാലഘട്ടം യുവാക്കൾക്കിടയിൽ മാനസികാരോഗ്യ വെല്ലുവിളികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നതായും എച്ച്എസ്ഇ ആരോഗ്യ സംരക്ഷണ വിദഗ്ധർ അഭിപ്രായപ്പെട്ടു.ലോക്ക്ഡൗണുകൾക്കിടയിൽ ആശുപത്രി പ്രവേശനങ്ങളിൽ 3.81 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള യുവ രോഗികളാണെന്നും മറ്റ് സമയങ്ങളിൽ ഇത് 2.16 ശതമാനമാണെന്നും കണ്ടെത്തി.
ലോക്ക്ഡൗൺ കാലത്ത് 15-24 വയസ്സ് പ്രായമുള്ളവരിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനത്തിന്റെ ശരാശരി നിരക്ക് ആഴ്ചയിൽ ഒരു ദശലക്ഷത്തിന് 23.8 ആയിരുന്നുവെന്നും മറ്റ് സമയങ്ങളിൽ ഇത് ആഴ്ചയിൽ ഒരു ദശലക്ഷത്തിന് 18.2 ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

