ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള പദ്ധതിയ്ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിനോടകം തന്നെ പദ്ധതിയ്ക്കെതിരെ 200 ഓളം പരാതികളാണ് ക്ലെയർ കൗണ്ടി കൗൺസിലിന് ലഭിച്ചത്. ക്ലെയറിലെ വില്ലി ക്ലാൻസി സമ്മർ സ്കൂളിന് സമീപമാണ് കാറ്റാടിപ്പാടം നിർമ്മിക്കുന്നത്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇല്ലോൺബൗൺ വിൻഡ് ഫാം ലിമിറ്റഡ് ആണ് പ്രദേശത്ത് കാറ്റാടി പാടം നിർമ്മിക്കുന്നത്. 10 വർഷത്തേക്കുള്ള പദ്ധതി അനുമതി തേടി അടുത്തിടെ കമ്പനി ക്ലെയർ കൗണ്ടി കൗൺസിലിന് മുൻപിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ഉയർന്നത്. നിലവിൽ മിൽടൗൺ/ വെസ്റ്റ് ക്ലെയർ മേഖലയിൽ കാറ്റാടി പാടങ്ങൾ ഉണ്ട്. പുതിയ പദ്ധതി കൂടി വരുമ്പോൾ അത് പരിസ്ഥിതിയ്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് എതിർക്കുന്നവർ പറയുന്നത്.

