ഡൊണഗൽ: ഡൊണഗലിൽ വാഹനങ്ങളുടെ അമിത വേഗതയ്ക്കെതിരെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പടിഞ്ഞാറൻ ഡൊണഗലിലെ ഗ്രാമമായ ഗെയ്ൽറ്റാച്ചിലുള്ളവർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2017 ൽ നവീകരിച്ച എൻ 56 തുറന്നതിന് പിന്നാലെ ഗ്രാമത്തിലൂടെ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്ന് പോകുന്നത്. ഇതേ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വാഹനങ്ങളുടെ അമിത വേഗം വലിയ ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് ലെയ്തിർ മിക്കിക് അൻ ഭൈർദ് മേഖലയിലെ താമസക്കാർ പറയുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ എന്നതാണ് വേഗപരിധി. എന്നാൽ റോഡിലൂടെ സഞ്ചരിക്കുന്ന 85 ശതമാനം കാറുകളും മണിക്കൂറിൽ 80 കിലോമീറ്ററിലാണ് സഞ്ചരിക്കുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വേഗതാ സർവ്വേയിൽ വ്യക്തമാകുന്നത്.

